2 Chronicles · ബൈബിൾ (മലയാളം)

2 Chronicles 2

1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.

2എഴുപതിനായിരം (70,000) ചുമട്ടുകാരെയും എൺപതിനായിരം (80,000) കല്ലുവെട്ടുകാരെയും അവർക്ക് മേൽനോട്ടം വഹിക്കാൻ മൂവായിരത്തി അറുനൂറു (3,600) പേരെയും ശലോമോൻ നിയമിച്ചു.

3പിന്നെ ശലോമോൻ സോർരാജാവായ ഹീരാമിന്‍റെ അടുക്കൽ കൊടുത്തയച്ച സന്ദേശം എന്തെന്നാൽ: “എന്‍റെ അപ്പനായ ദാവീദ് രാജാവിന് ഒരു അരമന പണിയേണ്ടതിന് ദേവദാരു കൊടുത്തയച്ച നീ എനിക്കുവേണ്ടിയും അപ്രകാരം ചെയ്യേണം.

4ഞാൻ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാൻ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അവന്‍റെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിക്കുവാനും നിരന്തരമായി കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിക്കുവാനും തന്നെ. ഇതു യിസ്രായേലിനു ഒരു ശാശ്വതനിയമം ആകുന്നു.

5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം മഹത്വമേറിയതായിരിക്കും.

6“എന്നാൽ അവന് ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്‍റെ സന്നിധിയിൽ ധൂപം അർപ്പിക്കുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാൻ ആർ?

7“ആകയാൽ എന്‍റെ അപ്പനായ ദാവീദ് നിയമിച്ചവരായി എന്‍റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കരകൗശലപ്പണിക്കാരോടുകൂടെ, പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമർത്ഥനും കൊത്തുപണിയിൽ വിദഗ്ദ്ധധനുമായ ഒരുവനെ അയച്ചുതരേണം.

8ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്ക് അയച്ചുതരേണം; നിന്‍റെ വേലക്കാർ മരംവെട്ടുവാൻ സമർത്ഥന്മാരെന്ന് എനിക്കറിയാം; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാൻ എന്‍റെ വേലക്കാർ നിന്‍റെ വേലക്കാരോടുകൂടെ പണി ചെയ്യും.

9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കും.

10മരംവെട്ടുകാരായ നിന്‍റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം പറ പൊടിച്ച ഗോതമ്പും ഇരുപതിനായിരം പറ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.”

11സോർരാജാവായ ഹൂരാം ശലോമോനു “യഹോവ തന്‍റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്ക് രാജാവാക്കിയിരിക്കുന്നു” എന്നു മറുപടി അയച്ചു.

12ഹൂരാം തുടർന്ന് ഇപ്രകാരം എഴുതി: “യഹോവയ്ക്ക് ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന് ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌ രാജാവിന് നല്കിയ ആകാശവും ഭൂമിയും സൃഷ്ടിച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.

13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയക്കുന്നു.

14അവൻ ദാൻ ഗോത്രത്തിലെ ഒരു സ്ത്രീയുടെ മകൻ; അവന്‍റെ അപ്പൻ സോർ ദേശക്കാരൻ. പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്യാനും നിന്‍റെയും ഞാൻ ബഹുമാനിക്കുന്ന നിന്‍റെ അപ്പൻ ദാവീദിന്‍റെയും കരകൗശലപ്പണിക്കാരോടുകൂടെ അവനെ ഏല്പിക്കുന്ന ഏതു കൗശലപ്പണിയും പൂർത്തീകരിപ്പാനും അവൻ സമർത്ഥൻ ആകുന്നു.

15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയച്ചാലും.

16എന്നാൽ ഞങ്ങൾ നിന്‍റെ ആവശ്യംപോലെ ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരാം; നീ അത് യെരൂശലേമിലേക്കു കൊണ്ടുപോകേണം.”

17അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ പരദേശികളെ, തന്‍റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ, എണ്ണം എടുത്തപ്പോൾ ഒരുലക്ഷത്തി അമ്പത്തിമൂവായിരത്തി അറുനൂറു (1,53,600) പേർ എന്നു കണ്ടു.

18അവരിൽ എഴുപതിനായിരം (70,000) പേരെ ചുമട്ടുകാരായും എൺപതിനായിരം (80,000) പേരെ മലയിൽ കല്ലുവെട്ടുകാരായും മൂവായിരത്തറുനൂറു (3,600) പേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽനോട്ടക്കാരായും നിയമിച്ചു.

← 2 Chronicles 1Read In The App, Free →2 Chronicles 3 →

Study 2 Chronicles 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536