2 Kings · ബൈബിൾ (മലയാളം)

2 Kings 14

1യിസ്രായേൽ രാജാവായ യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവ് രാജാവായി.

2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു വര്‍ഷം വാണു. യെരൂശലേംകാരിയായ അവന്‍റെ അമ്മക്ക് യെഹോവദ്ദാൻ എന്നു പേരായിരുന്നു.

3അവൻ യഹോവയ്ക്കു പ്രസാദമായത് ചെയ്തു. തന്‍റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്‍റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.

4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

5രാജത്വം അവനു സ്ഥിരമായപ്പോൾ തന്‍റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.

6എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്‍റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കല്പന മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

7അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേർ വിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.

8ആ കാലത്ത് അമസ്യാവ് യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്നു പറയിച്ചു.

9അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്‍റെ മകളെ എന്‍റെ മകന് ഭാര്യയായി തരിക’ എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.

10ഏദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്‍റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്‍റെ വാക്ക് കേട്ടില്ല.

11ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവച്ച് അവനും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.

12യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി.

13അഹസ്യാവിന്‍റെ മകനായ യെഹോവാശിന്‍റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്‍റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം അവൻ ഇടിച്ചുകളഞ്ഞു.

14അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്തു തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.

15യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധം ചെയ്തതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

16യെഹോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കം ചെയ്തു; അവന്‍റെ മകനായ യൊരോബെയാം അവനു പകരം രാജാവായി.

17യിസ്രായേൽ രാജാവായ യെഹോവാഹാസിന്‍റെ മകനായ യെഹോവാശിന്‍റെ മരണശേഷം യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവ് പതിനഞ്ചു വര്‍ഷം ജീവിച്ചിരുന്നു.

18അമസ്യാവിന്‍റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

19യെരൂശലേമിൽ അവനു വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്‍റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.

20അവന്‍റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്‍റെ നഗരത്തിൽ തന്‍റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

21യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്‍റെ അപ്പനായ അമസ്യാവിനു പകരം രാജാവാക്കി.

22അമസ്യാരാജാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദായ്ക്കായി വീണ്ടെടുത്തതും ഇവൻ തന്നെ. 1 യൊരോബെയാം രണ്ടാമൻ

23യെഹൂദാ രാജാവായ യോവാശിന്‍റെ മകൻ അമസ്യാവിന്‍റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്‍റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്നു വര്‍ഷം വാണു.

24അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

25ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്‍റെ ദാസൻമുഖാന്തരം യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്‍റെ അതിർമുതൽ അരാബായിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.

26യിസ്രായേലിന്‍റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിനു സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,

27യിസ്രായേലിന്‍റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്നു അരുളിച്ചെയ്യാതെ, യോവാശിന്‍റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.

28യൊരോബെയാമിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധം ചെയ്തതും യെഹൂദായുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിനു വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ സെഖര്യാവ് അവനു പകരം രാജാവായി.

← 2 Kings 13Read In The App, Free →2 Kings 15 →

Study 2 Kings 14

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425