Revelation · ബൈബിൾ (മലയാളം)

Revelation 22

1പിന്നെ അവൻ ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു.

2അതിന്‍റെ വീഥിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജനതകൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു.

3യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്‍റെ ദാസന്മാർ അവനെ സേവിക്കും.

4അവർ അവന്‍റെ മുഖംകാണും; അവന്‍റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും.

5ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിൻ്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും.

6അവൻ എന്നോട്: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്‍റെ ദൂതനെ അയച്ചു.“

7ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.

8യോഹന്നാൻ എന്ന ഞാൻ ഈ കാര്യങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ കേൾക്കുകയും കാൺകയും ചെയ്തപ്പോൾ അത് എനിക്ക് കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിന് ഞാൻ കാൽക്കൽ വീണു.

9അവൻ എന്നോട്: “നീ അത് ചെയ്യരുത്: ഞാൻ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടേടെയും ഈ പുസ്തകത്തിലെ വചനം അനുസരിക്കുന്നവരുടെയും കൂട്ടുദാസനത്രേ; ദൈവത്തെ ആരാധിക്ക“ എന്നു പറഞ്ഞു.

10അവൻ എന്നോട് പറഞ്ഞത്: “സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ മുദ്രയിടരുതു.

11അനീതിയുള്ളവൻ ഇനിയും അനീതി ചെയ്യട്ടെ; മ്ലേച്ഛനായവൻ ഇനിയും മ്ലേച്ഛനായിരിക്കട്ടെ; നീതിമാൻ ഇനിയും നീതിമാനായിരിക്കട്ടെ; വിശുദ്ധൻ ഇനിയും വിശുദ്ധനായിരിക്കട്ടെ.“

12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്‍റെ അടുക്കൽ ഉണ്ട്.

13ഞാൻ അല്ഫയും ഓമേഗയും ആരംഭവും അവസാനവും ആദിയും അന്ത്യവും ആകുന്നു.

14ജീവന്‍റെ വൃക്ഷത്തിൽ പങ്ക് ലഭിക്കേണ്ടതിനും വാതിലുകളിൽകൂടി നഗരത്തിൽ കടക്കേണ്ടതിനും അവന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നവരായ തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍ + 22:14 തങ്ങളുടെ വസ്ത്രങ്ങളെ അലക്കുന്നവര്‍-പ്രമാണങ്ങളെ അനുസരിക്കുന്നവര്‍ ഭാഗ്യവാന്മാർ.

15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ.

16സഭകളിൽ ഈ കാര്യങ്ങൾ സാക്ഷീകരിക്കേണ്ടതിന് യേശു എന്ന ഞാൻ എന്‍റെ ദൂതനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു; ഞാൻ ദാവീദിന്‍റെ വേരും വംശവും തേജസ്സുള്ള ഉദയനക്ഷത്രവുമാകുന്നു.

17വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ആശിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.

18ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വാക്കുകൾ കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നത്: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അവനു വരുത്തും.

19ഈ പ്രവചന പുസ്തകത്തിലെ വചനങ്ങളിൽ നിന്നു ആരെങ്കിലും എന്തെങ്കിലും നീക്കിക്കളഞ്ഞാൽ ജീവന്‍റെ പുസ്തകത്തിലേയും വിശുദ്ധനഗരത്തിലേയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന മറ്റെല്ലാത്തിലും അവനുള്ള ഓഹരി ദൈവം നീക്കിക്കളയും.

20ഈ കാര്യങ്ങളെ സാക്ഷീകരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: അതേ, ഞാൻ വേഗം വരുന്നു. ആമേൻ, അതെ, കർത്താവായ യേശുവേ, വരേണമേ.

21കർത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

← Revelation 21Read In The App, Free →

Study Revelation 22

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122