1 Kings · ബൈബിൾ (മലയാളം)

1 Kings 17

1എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്നു പറഞ്ഞു.

2പിന്നെ അവനു യഹോവയുടെ അരുളപ്പാടു ഉണ്ടായത്:

3“നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്ക.

4തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാൻ മലങ്കാക്കയോടു കല്പിച്ചിരിക്കുന്നു.”

5അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; യോർദ്ദാനിലേക്കു ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു.

6മലങ്കാക്ക അവനു രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; തോട്ടിൽനിന്ന് അവൻ കുടിച്ചു.

7എന്നാൽ ദേശത്തു മഴ പെയ്യാതിരുന്നതിനാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി. 1 സാരെഫാത്തിലെ വിധവയും ഏലീയാവും

8അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായത്:

9നീ എഴുന്നേറ്റു സീദോനിലെ സാരെഫാത്തിൽ ചെന്നു അവിടെ താമസിക്കുക; നിന്നെ പുലർത്തേണ്ടതിന് അവിടെ ഒരു വിധവയോട് ഞാൻ കല്പിച്ചിരിക്കുന്നു.

10അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവൻ പട്ടണവാതില്‍ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളോട് “എനിക്കു കുടിക്കുവാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ” എന്നു പറഞ്ഞു.

11അവൾ കൊണ്ടുവരുവാനായി പോകുമ്പോൾ, “ഒരു കഷണം അപ്പവുംകൂടെ നിന്‍റെ കയ്യിൽ കൊണ്ടുവരേണമേ” എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.

12അതിന് അവൾ: “നിന്‍റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും എന്‍റെ മകനും വേണ്ടി ഭക്ഷണം പാകംചെയ്ത് ഞങ്ങൾ തിന്നശേഷം ഭക്ഷണമില്ലാതെ മരിപ്പാനിരിക്കയാകുന്നു” എന്നു പറഞ്ഞു.

13ഏലീയാവ് അവളോട്: “ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്യുക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക.

14‘യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവ് തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല’ എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

15അവൾ ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.

16യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവ് തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.

17അനന്തരം വീട്ടുടമസ്ഥയായ സ്ത്രീയുടെ മകൻ രോഗിയായി; രോഗം ഗുരുതരമായി തീർന്നിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.

18അപ്പോൾ അവൾ ഏലീയാവോട്: “അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്‍റെ പാപം ഓർപ്പിക്കേണ്ടതിനും എന്‍റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്‍റെ അടുക്കൽ വന്നത്?” എന്നു ചോദിച്ചു

19അവൻ അവളോട്: “നിന്‍റെ മകനെ ഇങ്ങു തരിക” എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്‍റെ കട്ടിലിന്മേൽ കിടത്തി.

20അവൻ യഹോവയോട്: “എന്‍റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ?” എന്നു പ്രാർത്ഥിച്ചുപറഞ്ഞു.

21പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു, “എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ” എന്നു യഹോവയോടു പ്രാർത്ഥിച്ചു.

22യഹോവ ഏലീയാവിന്‍റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്ന് അവൻ ജീവിച്ചു.

23ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്‍റെ അമ്മയ്ക്കു കൊടുത്തു: “ഇതാ, നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു ഏലീയാവ് പറഞ്ഞു.

24സ്ത്രീ ഏലീയാവിനോട്: “നീ ദൈവപുരുഷൻ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു” എന്നു പറഞ്ഞു.

← 1 Kings 16Read In The App, Free →1 Kings 18 →

Study 1 Kings 17

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122