Acts · ബൈബിൾ (മലയാളം)

Acts 5

1എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്‍റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റു.

2നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു.

3അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്‍റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്‍റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?

4അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്‍റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്നു പറഞ്ഞു.

5ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.

6യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.

7ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അവന്‍റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.

8പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്നു പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്നു അവൾ പറഞ്ഞു.

9പത്രൊസ് അവളോട്: “കർത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്‍റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്നു പറഞ്ഞു.

10ഉടനെ അവൾ പത്രോസിന്‍റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്‍റെ അരികെ കുഴിച്ചിട്ടു.

11ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. 1 അപ്പൊസ്തലന്മാർ അനേകരെ സൗഖ്യമാക്കുന്നു

12അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്‍റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.

13മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു.

14അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു.

15രോഗികളെ പുറത്തു കൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്‍റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

16അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു. 1 അപ്പൊസ്തലന്മാർ കാരാഗൃഹത്തിലാക്കപ്പെടുന്നു

17എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു

18അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.

19എന്നാൽ രാത്രിയിൽ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്

20“നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്‍റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്നു പറഞ്ഞു.

21അവർ അത് കേട്ടു പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ചു.

22ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;

23എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.”

24ഈ വാക്ക് കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്നു വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു

25അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്നു അറിയിച്ചു.

26അതുകേട്ട് പടനായകൻ ചേവകരുമായി ചെന്നു, ജനം തങ്ങളെ കല്ലെറിയും എന്നു ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

27അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു.

28“യേശുവിന്‍റെ നാമത്തിൽ ഉപദേശിക്കരുത് എന്നു ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്‍റെ രക്തത്തിൻ്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞു.

29അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

30നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

31യിസ്രായേലിനു മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.

32ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. 1 ഗമാലിയേൽ ഇടപെടുന്നു

33ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു.

34അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.

35അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ.

36കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.

37അവന്‍റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്‍റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.

38ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും;

39ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്നു വരരുതല്ലോ” എന്നു പറഞ്ഞു. അവർക്ക് അത് ബോധിച്ചു.

40അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്‍റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു.

41തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.

42പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്നു യേശു തന്നെ ക്രിസ്തു എന്നു പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.

← Acts 4Read In The App, Free →Acts 6 →

Study Acts 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesJohn LightfootGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728