Exodus · ബൈബിൾ (മലയാളം)

Exodus 3

1മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോവിൻ്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ടു ചെന്നു. അങ്ങനെ ദൈവത്തിന്‍റെ പർവ്വതമായ + 3:1 ദൈവത്തിന്‍റെ വിശുദ്ധ പര്‍വതമായ ഹോരേബ് വരെ എത്തി.

2അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിൻ്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.

3“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്നു ഞാൻ ചെന്നു നോക്കട്ടെ” എന്നു മോശെ പറഞ്ഞു.

4അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിൻ്റെ നടുവിൽനിന്ന്, അവനെ “മോശെ, മോശെ” എന്നു വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്നു പറഞ്ഞു.

5അപ്പോൾ ദൈവം: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്നു കല്പിച്ചു.

6“ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു” എന്നും അവിടുന്ന് അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.

7യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “മിസ്രയീമിൽ താമസിക്കുന്ന എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.

8അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.

9യിസ്രായേൽ മക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.

10ആകയാൽ വരിക; നീ എന്‍റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയയ്ക്കും.”

11മോശെ ദൈവത്തോട്: “ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് വിടുവിക്കുവാനും ഞാൻ ആര്‍?” എന്നു പറഞ്ഞു.

12അതിന് ദൈവം: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽ നിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്നു അരുളിച്ചെയ്തു.

13മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽ മക്കളുടെ അടുക്കൽ ചെന്നു: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്നു പറയുമ്പോൾ: ‘അവന്‍റെ നാമം എന്തെന്ന്?’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയേണം?” എന്നു ചോദിച്ചു.

14അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയേണം” എന്നു കല്പിച്ചു.

15ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്‍റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.”

16നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും മിസ്രയീമിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു.

17മിസ്രയീമിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്നു പറയുക.

18എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്‍റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീമിലെ രാജാവിന്‍റെ അടുക്കൽ ചെന്നു അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്നു പറയുവിൻ.

19എന്നാൽ മിസ്രയീമിലെ രാജാവ് + 3:19 ഭുജം - കൈഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കുകയില്ല എന്നു ഞാൻ അറിയുന്നു.

20അതുകൊണ്ട് ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ടു അവരെ ശിക്ഷിക്കും; അതിന്‍റെശേഷം മിസ്രയീമിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.

21ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.

22ഓരോ സ്ത്രീയും തന്‍റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.”

← Exodus 2Read In The App, Free →Exodus 4 →

Study Exodus 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940