Exodus 37
1ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
2അതിന്‍റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
3അതിന്‍റെ നാലു കാലിനും ഇപ്പുറത്ത് രണ്ടു വളയങ്ങൾ അപ്പുറത്ത് രണ്ടു വളയങ്ങൾ ഇങ്ങനെ നാലു പൊൻവളയങ്ങൾ വാർപ്പിച്ചു.
4അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
5പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്‍റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
6അവൻ തങ്കംകൊണ്ട് കൃപാസനം + 37:6 കൃപാസനം മൂടി, അടപ്പ് ഉണ്ടാക്കി; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
7അവൻ പൊന്നുകൊണ്ട് രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അതിൽനിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി.
9കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു.
10അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.
11അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
12അതിന് ചുറ്റും നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
13അതിന് നാലു പൊൻവളയം വാർത്ത് നാലു കാലിൻ്റെയും ഓരോ പാർശ്വത്തിൽ തറച്ചു.
14മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു.
15മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
17അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു.
18നിലവിളക്കിൻ്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖകൾ, അതിന്‍റെ മറ്റെ വശത്ത് നിന്നും മൂന്നു ശാഖകൾ, ഇങ്ങനെ ആറു ശാഖകൾ അതിന്‍റെ വശങ്ങളിൽനിന്ന് പുറപ്പെട്ടു.
19ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറു ശാഖകളിലും ഉണ്ടായിരുന്നു.
20വിളക്കുതണ്ടിൽ മൊട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരുന്നു.
21അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, അതിൽനിന്നുള്ള ശേഷം രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറു ശാഖകളിലും ഉണ്ടായിരുന്നു.
22മൊട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരുന്നു; അത് മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
23അവൻ അതിന്‍റെ ഏഴു ദീപങ്ങളും അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
24ഒരു താലന്തു + 37:24 ഒരു താലന്തു 35 കിലോഗ്രാം തങ്കംകൊണ്ട് അവൻ അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
25അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്‍റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു.
26അവൻ അതും അതിന്‍റെ മേല്പലകയും അതിന്‍റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
27അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി.
28ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.
29അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്‍റെ വിദ്യപ്രകാരം ഉണ്ടാക്കി.