Numbers 12
1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:
2“യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ?” എന്നു പറഞ്ഞു; യഹോവ അത് കേട്ടു.
3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
4പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്നു കല്പിച്ചു; അവർ മൂവരും ചെന്നു.
5യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതില്ക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു.
6പിന്നെ അവൻ അരുളിച്ചെയ്തത്: 1 “എന്‍റെ വചനങ്ങൾ കേൾക്കുവിൻ; 2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ 1 യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും 2 സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും. 1
7എന്‍റെ ദാസനായ മോശെയോ അങ്ങനെയല്ല; 2 അവൻ എന്‍റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. 1
8അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല 2 അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ആകുന്നു; 1 അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. 2 അങ്ങനെയിരിക്കെ നിങ്ങൾ എന്‍റെ ദാസനായ മോശെക്ക് വിരോധമായി 2 സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്?
9യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.
10മേഘവും കൂടാരത്തിന്‍റെ മീതെ നിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു.
11അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
12അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്നു പറഞ്ഞു.
13അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്നു നിലവിളിച്ചു.
14യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴു ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടേണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്നു കല്പിച്ചു.
15ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്തില്ല.
16അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.