Numbers · ബൈബിൾ (മലയാളം)

Numbers 2

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

2യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്‍റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.

3യെഹൂദാപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്‍റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.

4അവന്‍റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ.

5അവന്‍റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്‍റെ മക്കൾക്ക് സൂവാരിൻ്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.

6അവന്‍റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ.

7പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂൻ്റെ മക്കൾക്ക് ഹോലോൻ്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.

8അവന്‍റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് (57,400) പേർ.

9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് (1,86,400) പേർ. ഇവർ ആദ്യം പുറപ്പെടേണം.

10രൂബേൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങേണം; രൂബേന്‍റെ മക്കൾക്ക് ശെദേയൂരിൻ്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.

11അവന്‍റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ.

12അവന്‍റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്‍റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.

13അവന്‍റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് (59,300) പേർ.

14പിന്നെ ഗാദ്ഗോത്രം; ഗാദിന്‍റെ മക്കൾക്ക് രെയൂവേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.

15അവന്‍റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് (45,650) പേർ.

16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് (1,51,450) പേർ. അവർ രണ്ടാമതായി പുറപ്പെടേണം.

17പിന്നെ സമാഗമനകൂടാരം പാളയത്തിന്‍റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടേണം.

18എഫ്രയീംപാളയത്തിൻ്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങേണം; എഫ്രയീമിന്‍റെ മക്കൾക്ക് അമ്മീഹൂദിന്‍റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.

19അവന്‍റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് (40,500) പേർ.

20അവന്‍റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിൻ്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.

21അവന്‍റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് (32,200) പേർ.

22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്‍റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.

23അവന്‍റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് (35,400) പേർ.

24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് (1,08,100) പേർ. അവർ മൂന്നാമതായി പുറപ്പെടേണം.

25ദാൻപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങേണം; ദാൻ്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.

26അവന്‍റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് (62,700) പേർ.

27അവന്‍റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്‍റെ മക്കൾക്ക് ഒക്രാൻ്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.

28അവന്‍റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് (41,500) പേർ.

29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്ക് ഏനാൻ്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.

30അവന്‍റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് (53,400) പേർ.

31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് (1,57,600) പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടേണം.

32യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് (6,03,550) പേർ ആയിരുന്നു.

33എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.

34യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

← Numbers 1Read In The App, Free →Numbers 3 →

Study Numbers 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536