Numbers · ബൈബിൾ (മലയാളം)

Numbers 20

1അനന്തരം യിസ്രായേൽ മക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻ മരുഭൂമിയിൽ എത്തി. ജനം കാദേശിൽ പാർത്തു. അവിടെവച്ച് മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.

3ജനം മോശെയോട് കലഹിച്ചു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ അവരോടൊപ്പം ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.

4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്ന് ചാകേണ്ടതിന് നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?

5ഈ ദുഷിച്ച സ്ഥലത്തേക്ക് കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽ നിന്ന് ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിക്കുവാൻ വെള്ളവുമില്ല” എന്നു പറഞ്ഞു.

6അനന്തരം മോശെയും അഹരോനും സഭയുടെമുമ്പിൽനിന്ന് സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ചെന്നു കമിഴ്ന്നുവീണു; യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി.

7യഹോവ മോശെയോട്: “നിന്‍റെ വടി എടുത്ത് നീയും നിന്‍റെ സഹോദരൻ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോട് കല്പിക്കുക.

8എന്നാൽ അത് വെള്ളം തരും; പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച് ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിക്കുവാൻ കൊടുക്കേണം” എന്നു അരുളിച്ചെയ്തു.

9തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്ന് വടി എടുത്തു.

10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: “മത്സരികളേ, കേൾക്കുവിൻ; ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ” എന്നു പറഞ്ഞു.

11മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

12പിന്നെ യഹോവ മോശെയോടും അഹരോനോടും: “നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് കൊണ്ടുപോകുകയില്ല” എന്നു അരുളിച്ചെയ്തു.

13ഇത് യിസ്രായേൽ മക്കൾ യഹോവയോട് കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. 1 ഏദോം യിസ്രായേലിനു വഴി നിഷേധിക്കുന്നു

14അനന്തരം മോശെ കാദേശിൽനിന്ന് ഏദോം രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച് പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയിച്ചു:

15“ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയകാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.

16ഞങ്ങൾ യഹോവയോട് നിലവിളിച്ചപ്പോൾ അവിടുന്ന് ഞങ്ങളുടെ നിലവിളികേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു; ഞങ്ങൾ നിന്‍റെ അതിർത്തി പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.

17ഞങ്ങൾ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ, മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല. ഞങ്ങൾ രാജപാതയിൽ കൂടി തന്നെ നടക്കും; നിന്‍റെ അതിർത്തി കഴിയുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയുമില്ല.”

18ഏദോം അവനോട്: “നീ എന്‍റെ നാട്ടിൽ കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്‍റെനേരെ പുറപ്പെടും” എന്നു പറഞ്ഞു.

19അതിന് യിസ്രായേൽ മക്കൾ അവനോട്: “ഞങ്ങൾ പ്രധാനനിരത്തിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്‍റെ കന്നുകാലിയും നിന്‍റെ വെള്ളം കുടിച്ചാൽ അതിന്‍റെ വില തരാം; കാൽനടയായി കടന്ന് പോകണമെന്നല്ലാതെ മറ്റൊന്നും എനിക്ക് വേണ്ടാ” എന്നു പറഞ്ഞു.

20അതിന് അവൻ “നീ കടന്നുപോകരുത്” എന്നു പറഞ്ഞു. ഏദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടി അവന്‍റെനേരെ പുറപ്പെട്ടു.

21ഇങ്ങനെ ഏദോം തന്‍റെ അതിർത്തിയിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവിടെനിന്ന് പിന്തിരിഞ്ഞു. 1 അഹരോന്‍റെ മരണം

22പിന്നെ യിസ്രായേൽ മക്കളുടെ സർവ്വസഭയും കാദേശിൽനിന്ന് യാത്ര പുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.

23ഏദോമിന്‍റെ അതിർത്തിയിലുള്ള ഹോർ പർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

24“അഹരോൻ തന്‍റെ ജനത്തോട് ചേരും; കലഹജലത്തിൽ നിങ്ങൾ എന്‍റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കുകയില്ല.

25അഹരോനെയും അവന്‍റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടുചെന്ന്

26അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവച്ച് മരിച്ച് തന്‍റെ ജനത്തോടു ചേരും.”

27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയുടെയും മുമ്പിൽ അവർ ഹോർപർവ്വത്തിൽ കയറി.

28മോശെ അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്‍റെ മുകളിൽവച്ച് മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്ന് ഇറങ്ങിവന്നു.

29‘അഹരോൻ മരിച്ചുപോയി’ എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ച് മുപ്പതു ദിവസം വിലപിച്ചുകൊണ്ടിരുന്നു.

← Numbers 19Read In The App, Free →Numbers 21 →

Study Numbers 20

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536