Ezekiel · ബൈബിൾ (മലയാളം)

Ezekiel 4

1“മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്‍റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്,

2അതിന്‍റെ നേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വെക്കുക.

3പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്‍റെ മുഖം അതിന്‍റെ നേരെ വച്ചു, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ.

4പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽ ഗൃഹത്തിന്‍റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.

5ഞാൻ അവരുടെ അകൃത്യത്തിൻ്റെ വർഷങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു (390) ദിവസങ്ങൾ നീ യിസ്രായേൽ ഗൃഹത്തിന്‍റെ അകൃത്യം വഹിക്കേണം.

6ഇത് തികച്ചശേഷം നീ വലത്തുവശം ചരിഞ്ഞുകിടന്ന് യെഹൂദാഗൃഹത്തിന്‍റെ അകൃത്യം നാല്പതു (40) ദിവസം വഹിക്കേണം; ഒരു വർഷത്തിന് ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.

7നീ യെരൂശലേമിന്‍റെ ഉപരോധത്തിനുനേരെ നിന്‍റെ മുഖവും നഗ്നമായ ഭുജവും വച്ചു അതിന് വിരോധമായി പ്രവചിക്കേണം.

8നിന്‍റെ ഉപരോധകാലം തികയുവോളം നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന് ഞാൻ ഇതാ, കയറുകൊണ്ട് നിന്നെ കെട്ടുന്നു.

9നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ടു അവ കൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശം ചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു (390) ദിവസം അതു തിന്നേണം.

10നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു (20) ശേക്കൽ തൂക്കമായിരിക്കേണം; നേരത്തോടുനേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം.

11ഒരു ഹീനിൻ്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കേണം; നേരത്തോടുനേരം നീ അത് കുടിക്കേണം.

12നീ അത് യവദോശപോലെ തിന്നേണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടേണം.

13ഇങ്ങനെതന്നെ യിസ്രായേൽ മക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജനതകളുടെ ഇടയിൽ അവരുടെ ആഹാരം മലിനമായി ഭക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്തു.

14അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യം മുതൽ ഇന്നുവരെ തനിയെ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്‍റെ വായിൽ വച്ചിട്ടുമില്ല” എന്നു പറഞ്ഞു.

15അവിടുന്ന് എന്നോട്: “നോക്കുക മാനുഷമലത്തിനു പകരം ഞാൻ നിനക്കു പശുവിൻചാണകം അനുവദിക്കുന്നു; അത് കത്തിച്ച് നിന്‍റെ അപ്പം ചുട്ടുകൊള്ളുക” എന്നു കല്പിച്ചു.

16“മനുഷ്യപുത്രാ, അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും

17ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും ഭയത്തോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും” എന്നു അവിടുന്ന് എന്നോട് അരുളിച്ചെയ്തു.

← Ezekiel 3Read In The App, Free →Ezekiel 5 →

Study Ezekiel 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748