Ezekiel · ബൈബിൾ (മലയാളം)

Ezekiel 46

1യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്തെ പ്രാകാരത്തിന്‍റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിരിക്കേണം; ശബ്ബത്തുനാളിലും അമാവാസിയിലും അത് തുറന്നിരിക്കേണം.

2എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിൻ്റെ പൂമുഖംവഴിയായി കടന്നുചെന്ന്, ഗോപുരത്തിൻ്റെ കട്ടിളത്തൂണിനരികിൽ നില്ക്കേണം; പുരോഹിതൻ അവന്‍റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിൻ്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്ക് പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കേണം.

3ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.

4പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടുകളെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.

5ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്‍റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും, ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.

6അമാവാസിദിവസത്തിൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടുകളെയും ഒരു മുട്ടാടിനെയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.

7ഭോജനയാഗമായി അവൻ കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്കു തന്‍റെ പ്രാപ്തിപോലെയും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.

8“അധിപതി വരുമ്പോൾ അവൻ ഗോപുരത്തിൻ്റെ പൂമുഖംവഴിയായി കടക്കുകയും ആ വഴിയായി തന്നെ പുറത്തേക്ക് പോകുകയും വേണം.

9എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ, വടക്കെ ഗോപുരംവഴി നമസ്കരിക്കുവാൻ വരുന്നവൻ തെക്കെഗോപുരം വഴി പുറത്തേക്ക് പോകുകയും തെക്കെഗോപുരം വഴി വരുന്നവൻ വടക്കെ ഗോപുരംവഴി പുറത്തേക്ക് പോകുകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിനെതിരെയുള്ളതിൽകൂടി പുറത്തേക്ക് പോകേണം.

10അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യത്തിൽ വരുകയും അവർ പോകുമ്പോൾ അവനും കൂടെ പോകുകയും വേണം.

11വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം, കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്‍റെ പ്രാപ്തിപോലെയും ഏഫായ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.

12എന്നാൽ അധിപതി സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവനു തുറന്നുകൊടുക്കണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്‍റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്ക് പോകേണം; അവൻ പുറത്തേക്ക് പോയശേഷം ഗോപുരം അടയ്ക്കേണം.

13“ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.

14അതിന്‍റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു നനയ്ക്കേണ്ടതിന് ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കേണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.

15ഇങ്ങനെ നിരന്തരഹോമയാഗമായി കുഞ്ഞാടും, ഭോജനയാഗവും എണ്ണയും അവർ രാവിലെതോറും അർപ്പിക്കേണം.”

16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അധിപതി തന്‍റെ പുത്രന്മാരിൽ ഒരുവന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്‍റെ അവകാശമായി അവന്‍റെ പുത്രന്മാർക്കുള്ളതായിരിക്കണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കേണം.

17എന്നാൽ അവൻ തന്‍റെ ദാസന്മാരിൽ ഒരുവന് തന്‍റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് വിമോചനവർഷം + 46:17 വിമോചനവർഷം ക്ഷമ ലഭിക്കുന്നതിന്‍റെയും പുനരുദ്ധാരണത്തിന്‍റെയും ജൂബിലി വര്‍ഷമായ എഴാം വര്‍ഷം വരെ അവനുള്ളതായിരിക്കേണം; പിന്നത്തേതിൽ അത് പ്രഭുവിനു തിരികെ ചേരേണം; അതിന്‍റെ അവകാശം അവന്‍റെ പുത്രന്മാർക്കു തന്നെ ഇരിക്കേണം.

18അധിപതി ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്‍റെ ജനത്തിൽ ഓരോരുത്തനും അവനവന്‍റെ അവകാശം കൈവിട്ടു പോകാതെയിരിക്കുവാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നെ തന്‍റെ പുത്രന്മാർക്ക് അവകാശം കൊടുക്കേണം.”

19പിന്നെ അവൻ ഗോപുരത്തിൻ്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായ, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്ത് ഒരു സ്ഥലം കണ്ടു.

20അവൻ എന്നോട്: “പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും, ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതാകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിക്കുവാൻ തന്നെ” എന്നു അരുളിച്ചെയ്തു.

21പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്‍റെ നാലു കോണിലും ചെല്ലുമാറാക്കി; പ്രാകാരത്തിന്‍റെ ഓരോ കോണിലും ഓരോ മുറ്റം ഉണ്ടായിരുന്നു.

22പ്രാകാരത്തിന്‍റെ നാലു കോണിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലും ഉള്ള, അവ നാലിനും ഒരേ അളവായിരുന്നു.

23അവയ്ക്കു നാലിനും ചുറ്റും ഒരു പന്തി കല്ല് കെട്ടിയിരുന്നു; ഈ കൽനിരകളുടെ ചുവട്ടിൽ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു.

24അവൻ എന്നോട്: “ഇവ ആലയത്തിന്‍റെ ശുശ്രൂഷകന്മാർ ജനത്തിന്‍റെ ഹനനയാഗം പാകം ചെയ്യുന്ന പാചകശാലയാകുന്നു” എന്നു അരുളിച്ചെയ്തു.

← Ezekiel 45Read In The App, Free →Ezekiel 47 →

Study Ezekiel 46

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748