Jeremiah 16
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2“ഈ സ്ഥലത്ത് നീ ഭാര്യയെ എടുക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ജനിക്കുകയും അരുത്.”
3ഈ സ്ഥലത്തു ജനിക്കുന്ന പുത്രീപുത്രന്മാരെക്കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവർക്ക് ജന്മം നൽകുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4“അവർ മാരകരോഗത്താൽ മരിക്കും; ആരും അവരെക്കുറിച്ചു വിലപിക്കുകയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ, അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ നശിച്ചുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.”
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിക്കുവാൻ പോകരുത്; അവരോടു സഹതാപം കാണിക്കുകയും അരുത്; ഞാൻ എന്‍റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു” എന്നു യഹോവയുടെ അരുളപ്പാടു.
6“വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവർക്കുവേണ്ടി വിലപിക്കുകയോ, സ്വയം മുറിവേല്പിക്കുകയോ, മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യുകയില്ല.
7മരിച്ചവനെക്കുറിച്ച് വിലപിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവർക്ക് അപ്പം നുറുക്കിക്കൊടുക്കുകയില്ല; അപ്പനോ അമ്മയ്ക്കോ വേണ്ടി ആരും അവർക്ക് ആശ്വാസത്തിൻ്റെ പാനപാത്രം കുടിക്കുവാൻ കൊടുക്കുകയുമില്ല.
8“അവരോടുകൂടെ ഇരുന്നു ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നീ വിരുന്നുവീട്ടിലേക്കു പോകരുത്.”
9യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
10“നീ ഈ വചനങ്ങളെല്ലാം ഈ ജനത്തോട് അറിയിക്കുമ്പോഴും ‘യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർത്ഥം എല്ലാം കല്പിച്ചത് എന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾ ചെയ്ത പാപം എന്ത്’ എന്നു അവർ നിന്നോട് ചോദിക്കുമ്പോഴും
11“നീ അവരോടു പറയേണ്ടത്: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്നു അവരെ സേവിച്ചു നമസ്കരിക്കുകയും എന്നെ ഉപേക്ഷിച്ച് എന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കുകയും ചെയ്യുകകൊണ്ടു തന്നെ” എന്നു യഹോവയുടെ അരുളപ്പാടു.
12നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്‍റെ വാക്കു കേൾക്കാതെ അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചുനടക്കുന്നു.
13അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന്, നിങ്ങളും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്ക് നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്ക് കൃപ കാണിക്കുകയുമില്ല.
14“ആകയാൽ, ‘യിസ്രായേൽ മക്കളെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ,
15‘യിസ്രായേൽ മക്കളെ വടക്കെദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
16“ഇതാ, ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്‍റെശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാമലയിൽനിന്നും എല്ലാകുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
17“എന്‍റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്‍റെ കണ്ണിന് മറവായിരിക്കുന്നതുമില്ല.
18അവർ എന്‍റെ ദേശത്തെ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി, എന്‍റെ അവകാശത്തെ മലിനവും മ്ലേച്ഛവുമായ ശവങ്ങളാൽ നിറച്ചിരിക്കുകയാൽ, ഞാൻ ആദ്യം തന്നെ അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടി പകരം ചെയ്യും.“ 1
19എന്‍റെ ബലവും എന്‍റെ കോട്ടയും 2 കഷ്ടകാലത്ത് എന്‍റെ ശരണവുമായ യഹോവേ, 1 ജനതകൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങേയുടെ അടുക്കൽ വന്നു; 2 ‘ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായിരുന്നത്, 1 വ്യാജമായ മിഥ്യാമൂർത്തികളത്രേ; 2 അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്നു പറയും. 1
20തനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന് കഴിയുമോ? 2 എന്നാൽ അവ ദേവന്മാരല്ല.
21“ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്‍റെ കയ്യും എന്‍റെ ബലവും ഞാൻ അവരെ അറിയിക്കും; എന്‍റെ നാമം യഹോവ എന്നു അവർ അറിയും.”